Saturday, 8 November 2014

ചെമ്പകം


              എന്നിലെ അവസാനത്തെ പച്ചപ്പും കൊഴിഞ്ഞു.. ഇനിയൊരു തളിര് നൽകുവാനോ പൂക്കൾ ചൂടുവാനോ എന്നിലെ ശാഖകൾക്ക് ശക്തിപോര. ജീവൻ നശിച്ചു തുടങ്ങിയ ഈ ശരീരവുമായി അനിവാര്യമായ വിധിയും കാത്ത് കഴിയുന്ന എനിക്ക് കഴിഞ്ഞ കാലത്തിന്റെ നിറമുള്ള ഓർമ്മകൾ മാത്രമേ കൈമുതലായുള്ളു..

             'ചെമ്പകം' എന്ന പേരു ചാർത്തി ഈ വീടും ഇവിടുത്തെ നല്ലവരായ മനുഷ്യരും എനിക്ക് ജീവന്റെ തുടിപ്പ് നൽകി. കാലത്തിന്റെ ഗതിക്കൊപ്പം ഞാനും വളർന്നു. നോക്കെത്താ ദൂരത്തോളം പച്ച വിരിച്ച് നില്ക്കുന്ന പാടത്തിന്റെ ഓരത്ത് ഇളം കാറ്റിനു സുഗന്ധം പകർന്ന് പൂക്കൾ ചൂടി എന്റെ ശാഖകൾ വളർന്നു. അന്ന് എന്റെ ഇരുവശത്തുമായി രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു, കാറ്റിൽ മധുരം പൊഴിക്കുന്ന തടിയൻ മാവും പിന്നെ വേനൽക്കാലത്തും മഞ്ഞുകട്ടകൾ പോലെ പഞ്ഞിക്കട്ടകൾ തരുന്ന ഒരു പഞ്ഞിമരവും.

             ഇവിടുത്തെ കുട്ടികൾക്ക് ഞാൻ കളികൂട്ടുകാരൻ ആയിരുന്നു. വേനലവധി ആയാൽ അവർ എല്ലാവരും എത്തും. വിശേഷങ്ങളും കളിതമാശകളും പങ്കുവെയ്ക്കുന്നത് എന്റെ ചുവട്ടിലും എന്റെ ശാഖകളിലും ഇരുന്നാണ്. പാടത്തേക്ക് നീണ്ടുനില്ക്കുന്ന എന്റെ കൈകളിൽ ഇളം നെല്ലിന്റെ പച്ചപ്പിലേക്ക് കണ്ണും നട്ട് ഇരിക്കുവാൻ അവർക്ക് എന്തിഷ്ടമായിരുന്നുവെന്നോ. അവരുടെ കളികളിൽ ഞാനും പങ്കാളിയായി. അവർ രാജാവും മന്ത്രിയും കളിക്കുമ്പോൾ ഞാൻ അവർക്ക് തേരും കുതിരയുമായി, അവർ അച്ഛനും അമ്മയും കളിക്കുമ്പോൾ ഞാൻ അവർക്ക് വീടായി, കാറായി, ബസ്സായി. അങ്ങനെ അവരുടെ എല്ലാ കളികളിലും എനിക്കും ഒരു സ്ഥാനം ഉണ്ടായിരുന്നു. മാമ്പഴക്കാലമായാൽ പിന്നെ നമ്മുടെ തടിയൻ മാവിൽ നിറയെ മാമ്പഴം കായ്ക്കും. ഒരു കാറ്റ് വീശുമ്പോൾ പട..പട ..ശബ്ദത്തോടെ മാമ്പഴങ്ങൾ പാടത്തേക്കു വീഴും. അത് ഓടിച്ചെന്ന്‌ എടുക്കുവാൻ കുട്ടികൾ മത്സരിക്കുന്ന കാഴ്ച കാണേണ്ടത് തന്നെ. കൈയിൽ കിട്ടുന്ന മാമ്പഴവുമായി ആദ്യം എന്റെ ശാഖയിൽ കയറുവാൻ അവർ ഓടിവരും. അവർക്കൊപ്പം മാമ്പഴത്തിന്റെ സ്വാദ് ഞാനും രുചിച്ചു. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വേനലവധി ആയാൽ എത്ര കുട്ടികളാണ് കളിക്കാൻ വരുന്നത്. അവരുടെ കളിയും ചിരിയും അന്തിമയങ്ങിയിട്ടും വീട്ടിലേക്കു കയറാത്തതിന് അമ്മമാരുടെ വഴക്ക് പറയലും എല്ലാംകൊണ്ടും ബഹളമായിരിക്കും. അവധി ദിനങ്ങൾ വരാൻ അവർക്കൊപ്പം ഞാനും കൊതിച്ചു.

            അങ്ങനെ സമൃദ്ധമായ കാലത്തിന്റെ നിറം മങ്ങാൻ തുടങ്ങിയത് പെട്ടെന്നായിരുന്നു. തടിയൻ മാവിന്റെ മാറിൽ കോടാലി വീണത് അതിന്റെ തുടക്കമായിരുന്നു. അവന്റെ ശിഖരങ്ങൾ നിലം പതിച്ചപ്പോൾ മാഞ്ഞു പോയത് ഒരു തലമുറയുടെ തന്നെ മാധുര്യമായിരുന്നു. മാമ്പഴം വീഴ്ത്താത്ത കാറ്റിനെ ആർക്കാണ് ഇഷ്ടം? മാമ്പഴം പെറുക്കുവാനല്ലെങ്കിൽ പിന്നെ എന്തിനു കുട്ടികൾ മഴ നനയണം? അതൊരു തുടക്കം ആയിരുന്നു, വരാനിരിക്കുന്ന വികൃതികളുടെ തുടക്കം.. പാടത്തെ നെൽകൃഷി പതിയെ അപ്രത്യക്ഷമായി. പാടങ്ങൾ പലതും മറ്റു കൃഷികൾക്കു വഴിമാറി. തരിശായ പാടങ്ങളിൽ കളകൾ നിറഞ്ഞു കാടായി. തോട് ഗതിമാറി ഒഴുകി. കുട്ടികളൊക്കെ വലുതായി തിരക്കിന്റെ ലോകത്തേക്ക് ചേക്കേറി. കളിയും ബഹളവുമെല്ലാം ഇല്ലാതായി, അവർ ഒന്നിച്ച് കൂടുന്നത് തന്നെ വല്ലപ്പോഴുമൊക്കെയായി. ചിലപ്പോൾ ഈ കളിക്കൂട്ടുകാരനെ അവർ മറന്നിരിക്കാം. ആരും അടുത്തേക്ക്‌ വരാതായപ്പോൾ എന്റെ ചുറ്റിലും കളകൾ നിറഞ്ഞ് കാടായി. കാലത്തിന്റെ കുത്തൊഴുക്കിനിടയിൽ പഞ്ഞിമരത്തിന്റെ കലയ്ക്കലും കോടാലി വീണു. അങ്ങനെ ഈ പാടവരമ്പിൽ ഞാൻ ഒറ്റക്കായി. അപ്പോഴും കുട്ടികളുടെ ഒരു പുതിയ തലമുറ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.

             കുട്ടികളുടെ ഒരു പുതു തലമുറ എത്തിയപ്പോൾ എന്നിൽ പ്രതീക്ഷയുടെ പുതു നാമ്പുകൾ മുളച്ചു. പക്ഷെ ഈ പുതിയ കുട്ടികൾ ആരും എന്നെ ശ്രദ്ധിച്ചതേ ഇല്ല. അവരുടെ പുതു തലമുറ കളികളിൽ മരത്തിനോ ചെടിക്കോ പൂവിനോ എന്ത് സ്ഥാനം..? പതുക്കെ ഞാൻ തിരിച്ചറിഞ്ഞു ഇനി ഒരിക്കലും ആ നിറമുള്ള നാളുകൾ എനിക്ക് തിരിച്ചു കിട്ടില്ല. എന്റെ ശാഖകളിൽ കാൽ നീട്ടി ഇരുന്ന് കാറ്റ് കൊള്ളുവാൻ ആരും വരില്ല...ഇളം കാറ്റിനു മാമ്പഴത്തിന്റെ ഗന്ധം ഉണ്ടാവില്ല...പാടത്ത് പച്ച പരവതാനി വിരിക്കാൻ നെൽകൃഷി തിരികെ എത്തില്ല...

              ഞാനിവിടെ ഒറ്റക്ക് എത്ര നാളുകൾ പിന്നിട്ടു..എത്ര വേനലും മഴയും വന്നുപോയി. ഇല്ല, ഇനിയൊരു വേനൽ താങ്ങുവാൻ ഉണങ്ങി തുടങ്ങിയ എന്റെ ശാഖകൾക്ക് കരുത്ത് പോര..ഇനിയൊരു മഴത്തുള്ളികൾക്കും എനിക്കൊരു പുതുജീവൻ നൽകാനാവില്ല..അത് ഞാൻ ആഗ്രഹിക്കുന്നുമില്ല. ശക്തമായൊരു കാറ്റ്, അല്ലെങ്കിൽ മൂർച്ചയുള്ള ഒരു കോടാലി..അനിവാര്യമായ വിധിയും കാത്ത് ഇതാ ഞാനും....

No comments:

Post a Comment